മുന്തിരിവള്ളികളിലെ ഉലഹന്നാനും മാര്‍ക്കോണി മത്തായിയും; മികച്ച പ്രണയത്തിന്റെ രണ്ട് ഉദാഹരണങ്ങള്‍

ഈയടുത്തായി ഇറങ്ങിയ മാര്‍ക്കോണി മത്തായി എന്ന ചിത്രം ഞാനും എന്റെ സുഹൃത്തും ഇന്നലെ കാണാന്‍ ഇടയായി. ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത് മത്തായിയുടെ പ്രണയമാണ്. അതിനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്ത സമയത്താണ് ഒന്നു ചെറുതായി എഴുതാം എന്ന് കരുതിയത്.

പ്രണയം പൈങ്കിളി ആണ്. സിനിമയില്‍ മാത്രമല്ല സത്യത്തില്‍ ജീവിതത്തിലും പ്രണയം പൈങ്കിളി ആണ്. അത് പ്രണയിച്ചവര്‍ക്ക് വ്യക്തമായി മനസ്സിലാകും. അങ്ങനെ പ്രണയിച്ച രണ്ടു കഥാപാത്രങ്ങളെ ഞാന്‍ പരിചയപ്പെടുത്താം.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്‍ എന്ന കഥാപാത്രവും ജയറാം ടൈറ്റില്‍ റോളില്‍ വന്ന മാര്‍ക്കോണി മത്തായിയും.

ഉലഹന്നാന്‍ ഒരു ഗവണ്‍മെന്റ് ജീവനക്കാരനാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബം. ജീവിതത്തിന്റെ എന്റെ റിയലിസ്റ്റിക്കായ ഒരു സിനിമാറ്റിക് രീതിയാണ് ആ സിനിമയില്‍ പ്രതിഫലിക്കുന്നത്. കാരണം കല്യാണം കഴിച്ചാല്‍ ഭാര്യയോടുള്ള ഇഷ്ടം കുറയുന്ന ഒരു സൊസൈറ്റിയില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യയെ സ്‌നേഹിക്കുന്ന ഉലഹന്നാന്റെ കഥയാണ് ചിത്രം പറയുന്നത്.

നേരെമറിച്ച് മാര്‍ക്കോണി മത്തായിലേക്ക് വരാം. വയസ്സ് കുറച്ചെങ്കിലും പല കാരണങ്ങള്‍കൊണ്ട് കല്യാണം കഴിക്കാത്ത മത്തായി. അദ്ദേഹം ബാങ്കിലാണ് ജോലി ചെയ്യുന്നത്. ജോലിക്ക് പുതുതായി വരുന്ന യുവതി. യുവതിക്ക് ഒരു നല്ല സുഹൃത്തിനെ പോലെ എല്ലാ പരിചരണവും അദ്ദേഹം കൊടുക്കുന്നു.

അതില്‍ കവിഞ്ഞ് കുടുതല്‍ ഒന്നും തന്നെ മത്തായിക്ക് ആ കുട്ടിയോട് ഇല്ല. സുഹൃത്തില്‍ നിന്ന് പ്രണയത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. മത്തായിക്ക് അന്നയോട് ഒരു അടുപ്പം തോന്നുന്നു. ഇരുവരുടെയും പ്രണയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഇനി കാര്യം പറയാം. ഈ രണ്ട് സിനിമയും റിയലിസ്റ്റിക് ആയ പരാമര്‍ശങ്ങളാണ് ചിത്രങ്ങളിലൂടെ നടത്തുന്നത്. രണ്ടു സംഭവങ്ങളും ഒരേ പോലെ നമ്മുടെ ജീവിതത്തിലും നടക്കാന്‍ സാധ്യതയുണ്ട്. എല്ലാവരെയും സ്‌നേഹിക്കുന്ന മത്തായി ആണെങ്കിലും ഭാര്യയെയും മക്കളെയും ഒരേപോലെ സ്‌നേഹിക്കുന്ന ഉലഹന്നാന്‍ ആണെങ്കിലും ഇവര്‍ രണ്ടുപേരും നമ്മളില്‍ നമ്മള്‍ അറിയാതെ ജീവിച്ചിരിപ്പുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു കഥാപാത്രങ്ങളും വളരെ റിയലിസ്റ്റിക് ആയ കഥാപാത്രങ്ങളാണ്. ഇവ തമ്മില്‍ പറഞ്ഞറിയിക്കാനാവാത്ത വണ്ണം സാമ്യങ്ങളുണ്ട്. കാരണം രണ്ടും സാധാരണക്കാരന്റെ മനസ്സ് അറിഞ്ഞു ഒപ്പിയെടുത്ത കഥാപാത്രങ്ങളാണ്. കൂടാതെ രണ്ടും പ്രായമേറിയ പ്രണയമാണ് ചര്‍ച്ച ചെയ്യുന്നത്.

രണ്ടിനെയും കണക്ട് ചെയ്യുന്ന ഒരു വികാരം അത് പ്രണയമാണ്. പ്രണയം ഏതു സമയത്തും എങ്ങനെയും തുടങ്ങാം എന്നതിന് വലിയ രണ്ടു ഉദാഹരണങ്ങള്‍ ആണ് ഈ രണ്ടു സിനിമകള്‍.

പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രം സംസാരിക്കുന്നതും പ്രായമേറിയ ഒരു പ്രണയം തന്നെയാണ്. അങ്ങനെ അങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍. നല്ല പ്രണയങ്ങളും നല്ല സിനിമകളും മലയാളികള്‍ അംഗീകരിച്ചിട്ടുള്ളൂ. ഈ രീതിയിലുള്ള മികച്ച കഥാപാത്രങ്ങള്‍ ഇനിയും പിറവിയെടുക്കട്ടെ. മലയാളത്തിലെ മികച്ച ഒരു കഥാപാത്രം തന്നെയാണ് മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെ പിറവിയെടുത്തത്.

ജയകൃഷ്ണന്‍ നായര്‍