റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ ചിത്രം ‘പ്രതി പൂവന്‍കോഴി’; റിലീസ് തിയതി പ്രഖ്യാപിച്ചു

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ഹൗ ഓള്‍ഡ് ആര്‍ യു’ ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘പ്രതി പൂവന്‍കോഴി.’ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

‘പ്രിയപ്പെട്ടവരേ , റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടേയും കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് ഇന്നും എന്റെ ഊര്‍ജ്ജം .ഇനി ഞാന്‍ ,റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ ‘പ്രതി പൂവന്‍കോഴി’യിലെ മാധുരി ആവുകയാണ്. നവംബര്‍ 20ന് ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.ആദ്യ ഗാനം 21 നും.’പ്രതി പൂവന്‍കോഴി’ നിങ്ങള്‍ക്കരികിലേക്ക് ഡിസംബര്‍ 20 ന് എത്തും. ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി.’ മഞ്ജു വാര്യര്‍ കുറിച്ചു.

ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ ‘പ്രതി പൂവന്‍ കോഴി’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. ഉണ്ണി ആര്‍. തിരക്കഥ എഴുതുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്.