നാഗവല്ലി ഇനി മിനിസ്‌ക്രീനിലേക്ക്; 'മണിച്ചിത്രത്താഴ്' സീരിയലാകുന്നു

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം “മണിച്ചിത്രത്താഴ്” ഇനി മിനിസ്‌ക്രീനിലേക്ക്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സീരിയല്‍ നിര്‍മ്മാതാവ് ഭാചച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്.

“”മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേക്കാലമായി ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്”” എന്ന് ജയകുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

ഒരു സൈക്കോ ത്രില്ലര്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്‌തോഭജനകമായ എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുമ്പ് പരിചിതമില്ലാത്ത ഇതിവൃത്തമായിരുന്നു ചിത്രത്തിന്റെത്.

തകര്‍പ്പന്‍ വിജയം നേടിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. ഈ ചിത്രങ്ങളും ഹിറ്റായിരുന്നു.