ഇനി പോരാട്ടം നേര്‍ക്കുനേര്‍, മെഗാസ്റ്റാര്‍ ഈസ് ബാക്ക്, ഒപ്പം വിനായകനും; 'കളങ്കാവല്‍' വരുന്നു, റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവല്‍’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് തീയതി പുറത്തുവിട്ടത്. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളില്‍ എത്തും. വ്യത്യസ്ത ഭാവങ്ങളിലുള്ള വിനായകനെയും മമ്മൂട്ടിയെയും പോസ്റ്ററില്‍ കാണാം. കഴിഞ്ഞ ദിവസം ആയിരുന്നു കളങ്കാവലിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.

നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.

Read more

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ എന്ന സിനിമയുടെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രവീണ്‍ പ്രഭാകറാണ് ചെയ്യുന്നത്. മുജീബ് മജീദ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.