'ദ പ്രീസ്റ്റ്' മാര്‍ച്ചില്‍ തിയേറ്ററിലേക്ക്; അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ “ദ പ്രീസ്റ്റ്” ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ചിത്രം മാര്‍ച്ച് 4ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രത്തിന് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഫെബ്രുവരി നാലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് വന്ന പുതിയ നിബന്ധനകളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. മമ്മൂട്ടി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനത്തില്‍ എത്തിയത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ആയാണ് എത്തുന്നത്. നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ് ആണ്. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍-പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍.