പുഷ്പരാജിന് ഒപ്പം ഐറ്റം നമ്പറുമായി സാമന്ത എത്തില്ല! ഇത്തവണ ഡാന്‍സ് ചെയ്യാന്‍ ബോളിവുഡ് സുന്ദരി

അല്ലു അര്‍ജുന്റെ ‘പുഷ്പ’ സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ ഗാനമാണ് ‘ഉ അണ്ടവാ’. സാമന്ത തകര്‍ത്താടിയ ഐറ്റം നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് തിയേറ്ററില്‍ ഈ ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഇതുപോലെ ഒരു ഐറ്റം നമ്പറുമായി സാമന്ത എത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പുഷ്പ 2വില്‍ സാമന്ത ആയിരിക്കില്ല ബോളിവുഡ് താരം മലൈക അറോറയാകും ഐറ്റം നമ്പറുമായി എത്തുക എന്നാണ് വിവരങ്ങള്‍. ഷാരൂഖ് ഖാന്റെ ‘ഛയ്യ ഛയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്നാംഹൂയി’, തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ തകര്‍ത്താടിയ താരം കൂടിയാണ് മലൈക.

അതേസമയം, പുഷ്പ 2ന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 22ന് ആരംഭിച്ചിരുന്നു. പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും.

ചിത്രത്തില്‍ നടന്‍ വിജയ് സേതുപതിയും ഉണ്ടാകുമെന്ന വാര്‍ത്തകളും നേരത്തെ വന്നിരുന്നു. പുഷ്പ ആദ്യ ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നു.