ഇരുന്നൂറിനടുത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ: നഷ്ടം തങ്ങള്‍ക്ക് മാത്രമെന്ന് എം. പത്മകുമാര്‍

മലയാള സിനിമയെ സംബന്ധിച്ച് അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ലെന്ന് സംവിധായകന്‍ എം പത്മകുമാര്‍. താനടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇരുന്നൂറിനടുത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ മാത്രമാണെന്നും സംവിധായകന്‍ പറയുന്നു.

എം പത്മകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അനില്‍ മുരളി യാത്രയായി…
മലയാള സിനിമയെ സംബന്ധിച്ച് അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല.. മലയാളം, തമിഴ് സിനിമകളെ ആശ്രയിച്ച് ജീവിക്കുന്ന കുറച്ചു നടന്മാരില്‍ ഒരാള്‍.. ഒരാള്‍ക്ക് വേണ്ടി തീരുമാനിച്ച വേഷത്തിന് അയാള്‍ available അല്ലെങ്കില്‍ അടുത്തയാള്‍.. ഒരുപക്ഷേ ഇരുനൂറിനടുത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആയിരിക്കണം..

SIX CANDLES” എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അനിലിനും ആ കഴിവിനെ നിറഞ്ഞ കൈയടികളോടെ അംഗീകരിക്കാന്‍ തമിഴ് സിനിമക്കും കഴിഞ്ഞത് ഓര്‍ക്കുക..എങ്കിലും തമിഴ് സിനിമയെ സംബന്ധിച്ചും അനിലിന്റെ വേര്‍പാട് ഒരു വലിയ നഷ്ടം ഒന്നുമല്ല.. നഷ്ടം ഞങ്ങള്‍ക്ക്, അനിലിന്റെ സ്‌നേഹവും സൗഹൃദവും പിണക്കവും വഴക്കും എല്ലാം ആഴത്തില്‍ അനുഭവിച്ച, അതിനു പകരം വെയ്ക്കാന്‍ മറ്റൊന്നും ഇല്ല എന്ന് വ്യക്തമായി അറിയാവുന്ന ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ക്ക് മാത്രമാണ്..

സൗഹൃദം എന്ന് മാത്രം പറയാവുന്ന ഒന്നായിരുന്നില്ല അതെന്ന് എനിക്കു തോന്നുന്നു.. ഈ പറഞ്ഞ എല്ലാ വികാരങ്ങളും കൂടിച്ചേര്‍ന്ന അതിലും വലിയ എന്തോ ഒന്ന്.. മറ്റൊന്നുമാവില്ല സിന്ധുരാജിനും രാഗേഷിനും പ്രവീണിനും നജുവിനും സാലുവിനും സുധീഷിനും മെല്‍വിനും മനോജിനും ഗണേഷിനും, ഇടപ്പള്ളി ട്രിനിറ്റിയിലെ 11C അപ്പാര്‍ട്ട്‌മെന്‍ടിലെ അനിലിന്റെ ഊഷ്മളമായ സ്‌നേഹം അനുഭവിച്ച വേറെ ഒരാള്‍ക്കും പറയാന്‍ അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഉണ്ടാവുക..

പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.. പ്രിയപ്പെട്ട സുഹൃത്തിന്റെ ഭൗതികശരീരം വീട്ടുകാരെ ഏല്പിച്ച് മരണമില്ലാത്ത ഓര്‍മകള്‍ നിറഞ്ഞ മനസ്സുമായി കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ രാഗേഷ് പറഞ്ഞു : 11C യില്‍ വീണ്ടും നമ്മള്‍ ഒത്തുകൂടും.. അനില്‍ ഇല്ലാത്ത അനിലിന്റെ സൗഹൃദ വിരുന്ന് ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍..ഹൃദയം നിറഞ്ഞ് തുളുമ്പുന്ന അത്രയും ഓര്‍മ്മകള്‍ ഏറ്റുവാങ്ങി അവസാനമായി 11C യോട് ഒരു യാത്ര പറച്ചില്‍…

https://www.facebook.com/padmakumar.manghat/posts/3830792203614677