പ്രേക്ഷകന് ഇഷ്ടമുള്ളത് കൊടുക്കുന്നവനല്ല സംവിധായകൻ, 100 ദിവസം ഓടിക്കാനുള്ളതാണ് സിനിമയെന്ന് എനിക്ക് തോന്നിയിട്ടില്ല: ലിജോ ജോസ് പെല്ലിശേരി

ആസ്വാദന തലത്തിൽ മാറ്റം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൊടുക്കുന്നവനല്ല സംവിധായകനെന്നും ചലച്ചിത്ര മലയാളവും വെസ്റ്റ് ഫോർഡ് ഫിലിം ഇൻസിസ്റ്റ്യൂട്ടും ചേർന്ന് കൊച്ചിയിൽ നടത്തിയ നാളെയുടെ സിനിമ സംവാദത്തിൽ ലിജോ ജോസ് പറഞ്ഞു.

എല്ലാ ദിവസവും ചായ കുടിക്കുന്നവർക്ക് ചായ ഇഷ്ടമാകും. എന്നാൽ വല്ലപ്പോഴും ഒരു ബോൺവിറ്റയോ ബൂസ്റ്റോ കുടിക്കുന്നതിൽ തെറ്റില്ല. സിനിമ 100 ദിവസം ഓടിക്കാനാണ് നിർമ്മിക്കുന്നതെന്ന് തോന്നിയിട്ടില്ല. സിനിമ ഒരു പ്രത്യേക കാലയളവിലേക്ക് ഉളളതല്ല. അത് എന്നും ഇവിടെ തന്നെ കാണും. പ്രേക്ഷകന് ലഭ്യമാകണമെന്ന് മാത്രം. ആളുകൾക്ക് കാണാം,വിയോജിക്കാം.

Read more

ആമേൻ എന്ന സിനിമ ഉണ്ടായത് തന്നെ പഞ്ചവടിപ്പാലത്തിൽ നിന്നാണ്. പാലത്തിന് പകരം പളളിയാണ് ആമേനിൽ ഉപയോഗിച്ചിരിക്കുന്നത്. പളളിക്ക് ചുറ്റുമാണ് മറ്റെല്ലാം. പഞ്ചവടിപ്പാലം ഇപ്പോഴും പ്രസക്തമാണ്. നമ്മുടെ മുന്നിൽ പാലാരിവട്ടത്ത് തന്നെ അതിന്റെ ഉദാഹരണമുണ്ട്. ലിജോ വ്യക്തമാക്കുന്നു.