തിയേറ്ററില്‍ ആവറേജ് ആയി, ഏറ്റെടുക്കാതെ പ്രേക്ഷകര്‍; കുഞ്ചാക്കോ ബോബന്റെ 'പദ്മിനി' ഇനി ഒ.ടി.ടിയില്‍

കുഞ്ചാക്കോ ബോബന്‍ നായകനായ സെന്ന ഹെഗ്‌ഡെ ചിത്രം ‘പദ്മിനി’ ഒ.ടി.ടിയിലേക്ക്. ജൂണ്‍ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഓഗസ്റ്റ് 11ന് ആണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമംിഗ് ആരംഭിക്കുന്നത്. തിയേറ്ററില്‍ ആവറേജ് ആയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല. തിയേറ്ററുകളില്‍ ചിത്രം അധിക ദിവസം പ്രദര്‍ശിപ്പിച്ചിരുന്നുമില്ല.

‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആള്‍ട്ടോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രമാണിത്. പൊതുവെ സെന്ന ഹെഗ്‌ഡെ ചിത്രത്തില്‍ കാണുന്ന പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഇല്ലാതെയാണ് പദ്മിനി എത്തിയത്.

വിവാഹം ചെയ്യാനുള്ള പ്രായം, ടോക്‌സിക് റിലേഷന്‍ഷിപ്, മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നു കയറാനുള്ള സമൂഹത്തിന്റെ അമിത താല്‍പര്യം എല്ലാം തമാശരൂപേണയാണ് പദ്മിനിയില്‍ അവതരിപ്പിച്ചത്. വിന്‍സി അലോഷ്യസ്, അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

പ്രശോഭ് കൃഷ്ണ, സുവിന്‍ കെ. വര്‍ക്കി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്.