മെലിഞ്ഞത് വിഎഫ്എക്‌സിലൂടെ.. 'കാന്താര'യില്‍ ഡബിള്‍ റോളില്‍ ഋഷഭ് ഷെട്ടി; മേക്കപ്പ് മാത്രം 6 മണിക്കൂര്‍

‘കാന്താര: ചാപ്റ്റര്‍ വണ്ണി’ലെ സസ്‌പെന്‍സ് പുറത്തുവിട്ട് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. സിനിമയില്‍ ഋഷഭ് ഷെട്ടി ഡബിള്‍ റോളിലാണ് എത്തിയത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നായകനായ ബെര്‍മെനെ കൂടാതെ മായക്കാരനെയും അവതരിപ്പിച്ചത് ഋഷഭ് ഷെട്ടി തന്നെയാണ്. മായക്കാരനാകുന്ന ഋഷഭിന്റെ മേക്കപ്പ് വീഡിയോയാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്.

ഓരോ ദിവസവും ആറ് മണിക്കൂറോളം നീണ്ട മേക്കപ്പ് ആണ് ഋഷഭ് മായക്കാരനായി മാറാന്‍ ചെയ്തിരുന്നത്. പ്രോസ്െതറ്റിക് മേക്കപ്പ് ധരിച്ച് സീനിന് വേണ്ടതെല്ലാം സെറ്റ് ചെയ്ത ശേഷം സംവിധാനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകുന്ന ഋഷഭിനെ വീഡിയോയില്‍ കാണാം. ചിത്രീകരണ തിരക്കുകള്‍ കാരണം ഈ കഥാപാത്രത്തിന് വേണ്ടി മേക്കപ്പ് ആരംഭിക്കുന്നത് പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമാണ്.

മേക്കപ്പ് ചെയ്ത് തീരുമ്പോഴേക്കും നേരം പുലരും. പിന്നീട് നേരെ സെറ്റിലേക്ക്. സിനിമയില്‍ ഇടക്കിടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്നതാണ് ഈ ഫിക്ഷനല്‍ കഥാപാത്രം. വിഎഫ്എക്‌സിലൂടെയാണ് ശരീരം മെലിഞ്ഞ രൂപത്തിലാക്കിയത്. അതേസമയം, തിയേറ്ററുകളില്‍ വിജയകരമായി 25 ദിവസം പിന്നിട്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ കാന്താര ചാപ്റ്റര്‍ 1.

Read more

2022ല്‍ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ‘കാന്താര ചാപ്റ്റര്‍ 1’. 125 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം നിലവില്‍ 800 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഒക്ടോബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.