സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 2നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയിലെ നായികയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധേയായ രുക്മിണി വസന്ത് ആണ് കാന്താര ചാപ്റ്റർ 1ലെ നായിക. കനകാവതി എന്ന കഥാപാത്രമായാണ് രുക്മിണി ചിത്രത്തിലെത്തുന്നത്.
പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് രാജകീയ വേഷത്തിലാണ് രുക്മിണിയെ പോസ്റ്ററിൽ കാണാനാവുക. പെർഫ്ക്ട് ചോയ്സ് എന്നാണ് കാരക്ടർ പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. സപ്ത സാഗരദാച്ചെ എല്ലോ സിനിമയുടെ രണ്ട് ഭാഗങ്ങൾക്ക് പുറമെ, ബാണദരിയല്ലി, ബഗീര, ഭൈരതി രണഗൾ എന്നീ ചിത്രങ്ങളിലും രുക്മിണി അഭിനയിച്ചിട്ടുണ്ട്.
Read more
കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് അടുത്തിടെ ഷൂട്ടിങ് പൂർത്തിയായ വിവരം നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വർഷം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകർ കണ്ട കഥയുടെ മുൻപ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റർ 1ൽ കാണിക്കുക. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുളളവ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരംഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്









