നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. രാവിലെ കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണവും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങാൻ സഹായം തേടാൻ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം.
ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്. വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിന്റെ തലയിലും മുറിവുണ്ടായി. ഷൂട്ടിങ്ങിനിടെ സെറ്റിൽ വച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പ്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം.
വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയിൽ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ഇടവേളയിൽ സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങൾക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്.
Read more
എന്നാൽ മറ്റ് താരങ്ങൾ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനിൽ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണിൽ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാൻ എത്തിയ റൂം ബോയ് വാതിൽ തുറന്നു കിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോൾ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയിൽ ആയിരുന്നു.









