കവടിയാർ കൊട്ടാരത്തിലെ മോഷണം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും; വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ സംശയ നിഴലിൽ

കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം നിലയിലുള്ള മുറിയിൽ കയറി അലമാരയിലെ അറയിൽ നിന്ന് മോഷ്ടിച്ചത് കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരെന്നാണ് പ്രാഥമിക നിഗമനം. കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ മോഷ്ടിച്ച കേസിൽ സന്ദർശകർ ഉൾപ്പെടെ സംശയ നിഴലിൽ നിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക തയാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശികൾ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും.

എന്നാൽ, ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് കൊട്ടാരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.

ഇന്നലെയായിരുന്നു കവടിയാർ കൊട്ടാരത്തിലെ മോഷണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പൊലീസിൽ പരാതി നൽകുകയും ചെയ്തു. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ നവംബർ മാസത്തിലാണ് മോഷണം പോയത്.

Read more