ഉർവശി രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ; അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഉർവ്വശിക്ക് മികച്ച സഹനടിക്കുളള അവാർഡ് ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകൻ ക്രിസ്റ്റോ ടോമി. ഉർവശിയെ പുരസ്കാരത്തിന് അർഹയാക്കിയ ഉളെളാഴുക്ക് എന്ന ചിത്രം സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഉർവശിയെന്നും, ചേച്ചിക്ക് പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

‘രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഉർവശി. ദേശീയ അവാർഡ് ചേച്ചിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സത്യമുള്ള പ്രകടനമായിരുന്നു ചേച്ചിയുടേത്. ചിത്രം എഴുതി വച്ചതിലും ഭംഗിയായി അവർ അത് അവതരിപ്പിച്ചു. ആക്ഷൻ പറഞ്ഞതിന് ശേഷം ഞങ്ങൾ കണ്ടത് ഒരു മാജിക്കാണ്. ചേച്ചിയുടെ കൂടെയുള്ളവർക്ക് ഒരു യൂണിവേഴ്‌സിറ്റിയിൽ പോയി ഒരു ക്രാഷ് കോഴ്‌സ് ചെയ്ത പോലെയായിരുന്നു’, ക്രിസ്റ്റോ ടോമി പറയുന്നു.

‘എന്റെ ആദ്യ സിനിമയിൽ തന്നെ ഉർവശിയെയും പാർവതിയെയും പോലെയുള്ള അഭിനേതാക്കൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഷൂട്ടിങ് സമയങ്ങളിൽ പല സീനുകളിലും ഇരുവരുടെയും അഭിനയം കണ്ട് ഞാൻ പോലും ഇമോഷണൽ ആയിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും വെള്ളത്തിലായതിനാൽ പലർക്കും അസുഖങ്ങൾ വന്നിരുന്നുവെന്നും ഉർവശിക്ക് നിലവിലും അതിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടെന്നും’ സംവിധായകൻ കൂട്ടിച്ചേർത്തു.

Read more

ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാള ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടത്. ഉർവശിയെയും പാർവതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവ്വഹിച്ച ഉളെളാഴുക്ക് 2024ൽ ആണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച ലീലാമ്മ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.