'റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്നുപറഞ്ഞ് പോയതാണ്; പോകുമ്പോൾ നവാസിന് ഒരസ്വസ്ഥതയും ഉണ്ടായിരുന്നില്ല', അനുസ്മരിച്ച് സഹപ്രവർത്തകർ

നടൻ കലാഭവൻ നവാസിന്റെ വിയോ​ഗ വാർത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞ ദിവസം നടനെ മരിച്ച നിലയിൽ കണ്ടത്. നവാസിന്റെ വിയോഗത്തിന് പിന്നാലെ നിരവധി പേരാണ് മരണം ഉൾകൊള്ളാനാകാതെ പോസ്റ്റുകൾ പങ്കിടുന്നത്. അവസാന നിമിഷം വരെ വളരെ സജീവമായി സിനിമ സെറ്റിൽ നിറഞ്ഞുനിന്ന താരമായിരുന്നു കലാഭവൻ നവാസ് എന്ന് നടൻ പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രത്തിൽ കുഞ്ഞികൃഷ്ണനും അഭിനയിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസം ഷൂട്ട് ഇല്ലാത്തതുകൊണ്ട് വീട്ടിൽ പോയിട്ട് വരാം എന്നുപറഞ്ഞ് റൂം വെക്കേറ്റ് ചെയ്യാൻ പോയതാണ് നവാസ് എന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.

“കഴിഞ്ഞ മാസം 25നാണ് നവാസ് ഷൂട്ടിങ്ങിന് ജോയിൻ ചെയ്തത്. നാളെയും മറ്റന്നാളും അദ്ദേഹത്തിന് ഇല്ല. അപ്പോൾ വീട്ടിൽ പോയി തിരിച്ചുവരാം എന്നാണ് പറഞ്ഞത്. പോകുമ്പോൾ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം എനിക്ക് ഷൂട്ട് ഇല്ല. ഞാൻ തിരിച്ച് വീട്ടിലേക്ക് പോകുന്നു. റൂം വെക്കേറ്റ് ചെയ്ത് പോയി ഫ്രഷ് ആയി വരാം എന്ന് പറഞ്ഞ് റൂമിലേക്ക് പോയതാണ്. വളരെ സജീവമായി രാവിലെ മുതൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവസാനം പോകുന്ന സമയത്ത് വീട്ടിൽ പോകണം എന്ന് പറഞ്ഞ് ഒരു കുഴപ്പവുമില്ലാതെ നടന്നുപോയതാണ്, അതിന് ശേഷം ഒൻപതര വരെ ഞങ്ങൾക്ക് ഷൂട്ട് ഉണ്ടായിരുന്നു.

ഹോട്ടൽ ജീവനക്കാർ വിളിച്ചുപറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞത്. അസുഖമാണ് എന്നാണ് കരുതിയത്. കാരണം അത്ര സജീവമായി തന്നെ സെറ്റിൽ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയില്ല. കുറെക്കാലം സിനിമയിൽ സജീവമല്ലാതെ ഇപ്പോൾ തിരിച്ച് ആക്ടീവ് ആയി വരുന്ന സമയമായിരുന്നു. ഇന്നലെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് വീട്ടിലെ കാര്യങ്ങളും സിനിമാകാര്യങ്ങളും ഒക്കെ സംസാരിച്ചിരിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല”, പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Read more

അതേസമയം “കലാഭവൻ നവാസിന് ആദരാഞ്ജലികൾ”, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിലീപ്, ടൊവിനോ തോമസ്, നിവിൻ പോളി, അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ച് എത്തിയിട്ടുണ്ട്. നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും. 1 മണി മുതൽ 3 വരെ വീട്ടിലും 3 മുതൽ 5 വരെ ആലുവ ടൗൺ മസ്ജിദിലും ആയിരിക്കും പൊതുദർശനം നടക്കുക. 5:15 ന് ശേഷം പ്രാർത്ഥനകളോടെ സംസ്കാരം നടക്കും.