ചേട്ടന്‍ ചെയ്ത സഹായം തിരികെ ചോദിക്കാന്‍ ഹൃദയമില്ലാത്തവരല്ല ഞങ്ങള്‍, നിയമ നടപടികളുമായി മുന്നോട്ട് പോകും; കലാഭവന്‍ മണിയുടെ സഹോദരന്‍

കലാഭവന്‍ മണി വാങ്ങി നല്‍കിയ ഓട്ടോറിക്ഷ താരത്തിന്റെ വീട്ടുകാര്‍ തിരികെ വാങ്ങി എന്ന വാര്‍ത്ത തെറ്റാണെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. രേവദ് ബാബു എന്നയാള്‍ക്കാണ് മണി ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. മണി ചെയ്ത സഹായങ്ങള്‍ തിരികെ വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങള്‍ എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍:

മണി ചേട്ടന്‍ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങള്‍ വീട്ടുകാര്‍ തിരികെ വാങ്ങി എന്ന നവമാധ്യമ വാര്‍ത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടന്റെ വിയോഗ ശേഷം നിരവധി കുപ്രചരണങ്ങള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ചേട്ടന്‍ ചെയ്ത സഹായം തിരികെ ചോദിക്കാന്‍ ഞങ്ങള്‍ വീട്ടുകാര്‍ ഹൃദയമില്ലാത്തവരല്ല.

ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. ഇന്നലെ പ്രചരിച്ച വീഡിയോയില്‍ മണിചേട്ടന്റെ വീട്ടുകാരെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാല്‍ അല്ല കൂട്ടുകാരാണത്. കാസറ്റ് കച്ചവടത്തിനു കൊണ്ടു പോകാനായി പാഡിയില്‍ വച്ചാണ് മണിച്ചേട്ടന്‍ വണ്ടി വാങ്ങി തരുന്നത്.

അന്ന് എനിക്കു ലൈസന്‍സില്ലാത്തതു കൊണ്ട് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തില്ല. അതുകൊണ്ട് കൂട്ടുകാരന്മാര്‍ അത് എന്റെയടുത്ത് നിന്ന് വാങ്ങി. എട്ടു കൊല്ലം മുമ്പാണ് ഇതെല്ലാം ഉണ്ടായത്, അവരുടെ പേരൊന്നും ഓര്‍മയില്ല. സത്യാവസ്ഥ ജനങ്ങള്‍ അറിയാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടി വന്നത്.

ചേട്ടന്‍ ചെയ്ത സഹായം തിരികെ ചോദിക്കാന്‍ ഞങ്ങള്‍ വീട്ടുകാര്‍ ഹൃദയമില്ലാത്തവരല്ല. ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. എന്തായാലും തെറ്റായ വാര്‍ത്ത പരത്തിയവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.