ഫഹദും സൗബിനും ദര്‍ശനയും ഒന്നിക്കുന്ന പുതിയ ചിത്രം; 'ഇരുള്‍' ടൈറ്റില്‍ പോസ്റ്റര്‍

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “ഇരുള്‍” സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ഇരുള്‍ നിര്‍മ്മിക്കുന്നത്. കുട്ടിക്കാനമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ.

സീ യു സൂണ്‍ ആണ് ഫഹദ് ഫാസിലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലും ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത എക്സ്പിരിമെന്റല്‍ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജിന്ന്, വെള്ളരിക്കാ പട്ടണം എന്നിയാണ് സൗബിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

മാലിക് ആണ് ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു സിനിമ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് മുടങ്ങിയ ചിത്രങ്ങളിലൊന്നാണിത്. സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. 15 കിലോ ഭാരവും ചിത്രത്തിനായി താരം കുറച്ചിരുന്നു.