'വരാഹ രൂപ'ത്തിന് കോടതിയുടെ ഇന്‍ജന്‍ക്ഷന്‍; തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജിയില്‍ ഉത്തരവ്

‘വരാഹ രൂപം’ ഗാനത്തിന് എതിരെ നിയമനടപടി സ്വീകരിച്ച് തൈക്കുടം ബ്രിഡ്ജ്. തങ്ങളുടെ ‘നവരസം’ പാട്ടിന്റെ കോപ്പിയടിയാണ് ‘കാന്താര’ സിനിമയിലെ വരാഹ രൂപം ഗാനം എന്ന തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജിയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.

‘വരാഹ രൂപം’ തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും, ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. തങ്ങളോട് ലൈസന്‍സ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് വരാഹരൂപം പാട്ട് റിലീസ് ചെയ്തതെന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിരുന്നു.

നമ്മള്‍ റൈറ്റ്സ് കൊടുത്തിട്ടാണ് അവര്‍ പാട്ട് ഇറക്കിയത് എന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. നിലവില്‍ തങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്.

തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം എന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിരുന്നു.