'ചിത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു, ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്'; ലോക സിനിമയെ പ്രശംസിച്ച് ആലിയ ഭട്ട്

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ലോക ചാപ്റ്റർ 1 ചന്ദ്രയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം ബോക്സോഫിസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണുണ്ടാക്കിയത്. ചിത്രം ഇതിനോടകം തന്നെ 100 കോടി കളക്ഷൻ പിന്നിട്ട് കഴിഞ്ഞു. ഇപ്പോഴിതാ ‘ലോക’ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്.

ഇൻസറ്റഗ്രാം ‌സ്റ്റോറിയിലൂടെയാണ് ആലിയ ഭട്ട് അഭിനന്ദനം അറിയിച്ചത്. തീർത്തും പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആലിയ കുറിച്ചു. ‘പുരാണ നാടോടിക്കഥകളെയും നിഗൂഢതയെയും പുതുമയോടെ ലോകയിൽ സമന്വയിപ്പിച്ചിരിക്കുന്നു! ചിത്രത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സിനിമയോടുള്ള എൻ്റെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ, ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്!’- ആലിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അതേസമയം ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’യെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണി പ്രിയദർശന്റെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു.

ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദർശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകർഷണം. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് സിനിമ നിർമിച്ചിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more