ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ പ്രശംസിച്ച് കൊണ്ട് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ എക്സിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ദാദാസാഹേബ് ഫാൽക്കെയെ അറിയില്ല എന്നും, മോഹൻലാലിനെ അറിയാം എന്ന സംവിധായകന്റെ പരാമർശമാണ് നിലവിൽ വിവാദമായിരിക്കുന്നത്. ആദ്യത്തെ സിനിമ എടുത്തു എന്നതൊഴിച്ചാൽ ദാദാ സാഹേബ് ഫാൽക്കെയെക്കുറിച്ച് പ്രത്യേകിച്ചൊന്നും തനിക്കറിയില്ലെന്നും രാം ഗോപാൽ വർമ്മ പോസ്റ്റിൽ പറയുന്നു. ഫാൽക്കെയ്ക്ക് ഒരു ‘മോഹൻലാൽ’ പുരസ്കാരം കൊടുക്കാവുന്നതാണെന്നും രാം ഗോപാൽ വർമ്മ പോസ്റ്റിൽ കുറിച്ചു.
“ആദ്യത്തെ സിനിമ എടുത്തു എന്നതൊഴിച്ചാൽ ദാദാ സാഹേബ് ഫാൽക്കെയെക്കുറിച്ച് പ്രത്യേകിച്ചൊന്നും എനിക്കറിയില്ല. ആ ചിത്രമോ അത് കണ്ടിട്ടുള്ള ആരെയെങ്കിലുമോ ഞാൻ കണ്ടിട്ടില്ല. പക്ഷെ മോഹൻലാലിനെക്കുറിച്ച് ഞാൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ വെച്ച് നോക്കിയാൽ, ഫാൽക്കെയ്ക്ക് ഒരു ‘മോഹൻലാൽ’ പുരസ്കാരം കൊടുക്കാവുന്നതാണ്” രാം ഗോപാൽ വർമ്മ കുറിച്ചു.
അതേസമയം രാം ഗോപാൽ വർമ്മയുടെ എക്സ് പോസ്റ്റിന് കീഴിൽ അഭിപ്രായത്തോട് യോജിക്കുന്ന മോഹൻലാൽ ആരാധകരും പ്രസ്താവനയെ എതിർക്കുന്നവരും പോസ്റ്റിനടിയിൽ കമന്റുമായി എത്തി. മോഹൻലാലിനെ പ്രശംസിക്കാൻ ഇന്ത്യൻ സിനിമയുടെ പിതാവായ ഫാൽക്കെയെ കുറിച്ച് അറിയില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല എന്ന രീതിയിലും നിരവധി കമന്റുകൾ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്.







