മോഹന്‍ലാല്‍ 'സന്ദീപ് ബാലകൃഷ്ണന്‍' ആകും; ഒപ്പം മാളവിക മോഹനനും

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. മുളന്തുരുത്തി എരിവേലിയിലുള്ള ബംഗ്ലാവില്‍ തികച്ചും ലളിതമായ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം.

മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍ പൂനെ ആണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമയുടെ കഥ അഖില്‍ സത്യന്റെതാണ്. അനൂപ് സത്യന്‍ ചിത്രത്തില്‍ അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ഗാനരചന: മനു മഞ്ജിത്ത്. അനു മൂത്തേടത്ത് ആണ് ക്യാമറ. എഡിറ്റിങ് കെ. രാജഗോപാല്‍, കലാസംവിധാനം പ്രശാന്ത് മാധവ്, ശബ്ദലേഖനം അനില്‍ രാധാകൃഷ്ണന്‍. കലാസംവിധാനം പ്രശാന്ത് മാധവ്. മേക്കപ്പ് പാണ്ഡ്യന്‍. കോസ്റ്റ്യും ഡിസൈന്‍ സമീരാ സനീഷ്. സഹ സംവിധാനം ആരോണ്‍ മാത്യു.

Read more