സിനിമാ ടിക്കറ്റ് നിരക്ക് കൂടില്ല; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

സിനിമാ ടിക്കറ്റുകളില്‍ ചരക്കുസേവന നികുതിക്ക്(ജിഎസ്ടി) പുറമെ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താത്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്.

പ്രേക്ഷകരെ പ്രതിനിധീകരിച്ച് സുജിത് മജീദ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളിലുളളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താനായിരുന്നു തീരുമാനം.

നിലവില്‍ രണ്ട് തരം നികുതി പ്രേക്ഷകരില്‍ നിന്ന് ഈടാക്കുന്നുണ്ട്. ജി.എസ്.ടി ഇനത്തില്‍ 100 രൂപയില്‍ താഴെയുളള ടിക്കറ്റിന് 12 ശതമാനമാണ് നികുതി നല്‍കുന്നത്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ആറ് ശതമാനത്തിന്റെ കുറവ് വരുത്തിയെങ്കിലും ടിക്കറ്റ് നിരക്കില്‍ ശരാശരി അഞ്ച് രൂപയുടെ കുറവ് മാത്രമേ വരുത്തിയിരുന്നുളളൂ. അതേസമയം, കഴിഞ്ഞ മാസം മുതല്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ 100 രൂപയ്ക്ക് മുകളിലുളള ഒരു ടിക്കറ്റിന് 10 രൂപ മുതല്‍ വര്‍ദ്ധന വരുത്തി. മൂന്നാമതൊരു നികുതി കൂടി ഏര്‍പ്പെടുത്തിയാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളെ ഉപേക്ഷിക്കുമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.