'ഉൻ പേര് എന്നാ...'; സന്തോഷ് സുബ്രഹ്മണ്യത്തിലെ സീൻ റീക്രിയേറ്റ് ചെയ്ത് ജെനീലിയയും രവി മോഹനും

രവി മോഹനും ജെനിലീയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ സന്തോഷ് സുബ്രഹ്മണ്യം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. സിനിമയിലെ പാട്ടുകളും സീനുകളും ഇപ്പോഴും സിനിമാപ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നു. 2008ൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു. വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ ഒരു ഐക്കോണിക്ക് രം​ഗം റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് രവി മോഹനും ജെനിലീയയും. നടന്റെ നിർമാണക്കമ്പനിയായ രവി മോഹൻ സ്റ്റുഡിയോയുടെ ലോഞ്ചിലാണ് താരങ്ങൾ സീൻ വീണ്ടും അവതരിപ്പിച്ചത്.

ജെനീലിയയും രവി മോഹനും ഒരുമിച്ച് വേദിയിലെത്തിയതോടെ ‘സന്തോഷ് സുബ്രഹ്മണ്യ’ത്തിൽ ഇരുവരുമൊന്നിച്ച ഐതിഹാസിക രംഗം പുനഃസൃഷ്ടിക്കാമോ എന്ന് അവതാരക ചോദിക്കുകയായിരുന്നു. തുടർന്ന് സിനിമയിലെ സീൻ സ്റ്റേജിലുളള മോണിറ്ററിൽ പ്രദർശിപ്പിക്കുകയും ഇരുവരും തങ്ങളുടെ ഡയലോഗുകൾ പറഞ്ഞ് അഭിനയിക്കുകയും ചെയ്തു. ഇഷ്ടതാരങ്ങളുടെ ഹിറ്റ് സീൻ വീണ്ടും കണ്ടപ്പോൾ നിറഞ്ഞ കയ്യടിയാണ് പ്രമുഖരടങ്ങുന്ന സദസിൽ നിന്നുണ്ടായത്. ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പമാണ് ജെനിലീയ ചടങ്ങിനെത്തിയത്.

ശിവകാർത്തികേയൻ, കാർത്തി, യോ​ഗി ബാബു, ശ്രദ്ധ ശ്രീനാഥ് തുടങ്ങി നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. രവി മോഹന്റെ ചേട്ടൻ മോഹൻ രാജയാണ് സന്തോഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്തത്. തെലുഗു ചിത്രം ബൊമ്മരില്ലുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രവി മോഹനും ജെനീലിയയ്ക്കും ഒരുപാട് ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു സന്തോഷ് സുബ്രഹ്മണ്യം.

Read more