മലയാള സിനിമാ നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. പ്രതിഷേധസൂചകമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആസ്ഥാനത്തേക്ക് പർദ ധരിച്ചാണ് സാന്ദ്ര തോമസ് പത്രിക സമർപ്പിക്കാൻ എത്തിയത്. മുൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര തോമസ് പരാതി നൽകിയതിനെ തുടർന്ന് സാന്ദ്രയെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സാന്ദ്ര തോമസിന്റെ ഹർജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു.
മുൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ പോലീസ് കേസും എടുത്തിരുന്നു. അതേസമയം ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താൻ പർദ ധരിച്ചെത്തിയതെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പർദ്ദ പ്രതിഷേധത്തിന്‍റെ ഭാഗമാണ്. ഇതിനെ മതപരമായി കാണേണ്ടതില്ല. ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം. താൻ കൊടുത്ത കേസിൽ പൊലീസ് കുറ്റപത്രം കൊടുത്ത പ്രതികളാണ് അധികാരത്തിൽ ഉള്ളത്. നിലവിൽ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. ഇതിൽ മാറ്റം വരേണ്ടതുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
Read more
തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മൽസരിക്കും. നിർമാതാവ് ഷീലയും മൽസരിക്കും. ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പ് നൽകുന്നതായും സാന്ദ്ര തോമസ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണിത്. ഹേമ കമ്മിറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികൾ. തന്‍റെ പത്രിക തള്ളാൻ ശ്രമം നടക്കുന്നുണ്ട്. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവ് എന്ന് പറഞ്ഞാണ് തന്‍റെ പത്രിക തള്ളാൻ ശ്രമിക്കുന്നത്. താൻ നിരവധി സിനിമകൾ നിർമിച്ച നാളാണ്. തന്‍റെ പേരിൽ സെൻസർ ചെയ്ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഓഗസ്റ്റ് 14നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുക.









