സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാൻ. തിയേറ്റർ ലാഭകരമായി നടത്താൻ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുകയെന്നും ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പുവച്ചുവെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോട് ആണ് സജി ചെറിയാൻ പ്രതികരിച്ചത്. ‘ഇ-ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. അവർ സോഫ്റ്റ്വെയർ ഡെവലപ്പ് ചെയ്യും. അതിനുള്ള പണം കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്, മന്ത്രി പറയുന്നു.
ഇ- ടിക്കറ്റിംഗ് സംവിധാനം വരുമ്പോൾ ടിക്കറ്റ് നിരക്കിൽ ഏകീകരണം വരും. തിയേറ്ററുകളിലെത്തുന്ന പണം ആവശ്യമായ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറാൻ പുതിയ സംവിധാനം സഹായിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, തിയേറ്ററുകൾ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്നതിന് തന്നെയായിരിക്കും പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് അടുത്തിടെ ചർച്ചകൾ ഉയർന്നിരുന്നു. ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് സിനിമകളുടെ ടിക്കറ്റ് വില തിയേറ്ററുകൾ വർധിപ്പിക്കുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
Read more
അടുത്തിടെ കർണാടക സർക്കാർ, മൾട്ടിപ്ലക്സ് ഉൾപ്പെടെയുളള തിയേറ്ററുകളിലെ സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിനോദ നികുതി അടക്കം 200 രൂപയേ പരമാവധി ഒരു ടിക്കറ്റിന് കർണാടകയിൽ ഈടാക്കാൻ പാടുള്ളു എന്നാണ് സർക്കാർ അറിയിച്ചത്. ഇതിനായി സിനിമ ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനവും പുറത്തിറക്കി. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് കർണാടക സർക്കാരിന്റെ തീരുമാനം. സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതക്കും നിയന്ത്രണം കൊണ്ടുവന്നു. എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും അവിടെ ഈ നിരക്ക് പരിധി ബാധകമായിരിക്കും.









