എന്റെ ചെക്കനെ തൊടുന്നോടാ? പ്രണവിന്റെ കോളറിന് പിടിച്ച സം​ഗീതിന് മോഹൻലാലിന്റെ മറുപടി, രസകരമായ കമന്റുകളുമായി ആരാധകർ

മോഹൻലാലിന്റെ ഹൃദയപൂർവ്വം സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു. ഫഹദ് ഫാസിൽ റഫറൻസും അതിനുളള മോഹൻലാലിന്റെ മറുപടിയുമായിരുന്നു ടീസറിൽ എടുത്തുനിന്നതെങ്കിലും സം​ഗീത് പ്രതാപ് വരുന്ന രം​ഗങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഹൃദയപൂർവ്വത്തിൽ മോഹൻലാലിനൊപ്പം പ്രധാന റോളിലാണ് നടനും എത്തുന്നത്. സിനിമയുടെ ടീസറിൽ മോഹൻലാൽ സം​ഗീത് പ്രതാപിന്റെ കോളറിൽ പിടിക്കുന്ന ഒരു രം​ഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം.

സംഗീത് പ്രതാപിന്റെ കോളറിന് കുത്തിപിടിച്ചാൽ പടങ്ങൾ ഹിറ്റാകുമോ എന്നാണ് രസകരമായ കമന്റുകളിലൂടെ ഉദാഹരണങ്ങൾ നിരത്തി സിനിമാപ്രേമികൾ ചോദിക്കുന്നത്. ഇതിന് മുൻപ് പ്രേമലുവിൽ നസ്ലിൻ അവതരിപ്പിച്ച സച്ചിൻ എന്ന കഥാപാത്രം സം​ഗീത് അവതരിപ്പിച്ച അമൽ ഡേവിസിന്റെ കോളറിന് പിടിച്ചിരുന്നു. ‘ഇനി നടക്കപോറത് യുദ്ധം’ എന്നാണ് സം​ഗീതിന്റെ കോളറിന് പിടിച്ച് നസ്ലിൻ പറയുന്നത്.

Read more

ഇതുമായി സാമ്യമുളള ഒരു രം​ഗമാണ് ഹൃദയപൂർ‌വ്വം ടീസറിലുമുളളത്. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ സം​ഗീത്, പ്രണവ് മോഹൻലാലിന്റെ കോളറിനും പിടിക്കുന്നുണ്ട്. സംഗീത് പ്രണവിന്റെ കോളറിന് പിടിക്കുന്ന ചിത്രവും മോഹൻലാൽ സംഗീതിനെ തിരിച്ച് പിടിക്കുന്ന ചിത്രവും പങ്കുവെച്ച് ‘നീ എന്റെ മകനെ തൊടുന്നോടാ…’ ,’ഇപ്പോൾ സമാ സമം’, തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ‘ഹൃദയ’ത്തിലെ കോളറ് പിടുത്തത്തിന് ‘ഹൃദയപൂർവ്വ’ത്തിൽ മറുപടി എന്നും, ആദ്യം മകനൊപ്പം ഇപ്പോഴിതാ അച്ഛനൊപ്പം ഫുൾ മൂവിയിൽ അഴിഞ്ഞാട്ടം എന്നാണ് ആരാധകർ കുറിച്ചത്.