ഫഹദ് ഫാസിലിന്റെ മൂന്ന് സിനിമകള്‍ ഒ.ടി.ടി റിലീസിന്; റെക്കോഡിട്ട് താരം

ഫഹദ് ഫാസില്‍ നായകനാകുന്ന മൂന്ന് സിനിമകള്‍ കൂടി ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത താരത്തിന്റെ സീ യൂ സൂണ്‍ മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജോജി, ഇരുള്‍ എന്നീ ചിത്രങ്ങളും നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരമാകും ഫഹദ് ഫാസില്‍. സെപ്തംബറോടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയ ശ്യം പുഷ്‌ക്കരനാണ് ജോജിക്കും രചന നിര്‍വ്വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.