ഷൂട്ടിംഗിനിടെ വീടിന് മുകളില്‍ നിന്നും വീണു; ഫഹദ് ഫാസിലിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. “മലയന്‍കുഞ്ഞ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വീടിനു മുകളില്‍ നിന്ന് വീണ് താരത്തിന് മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്നലെയായിരുന്നു സംഭവം.

വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. കൊച്ചിയില്‍ ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ്. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു.

ഇതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഫഹദിന് പരിക്കേറ്റതിനാല്‍ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് സര്‍വൈവല്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്.

സംവിധായകന്‍ മഹേഷ് നാരായണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. “കൈയെത്തും ദൂരത്തി”ന് ശേഷം 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഫാസിലും ഫഹദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.