ഫഹദ് ഫാസില്‍ വിശ്രമത്തില്‍, സുഖം പ്രാപിക്കുന്നുവെന്ന് നസ്രിയ

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന നടന്‍ ഫഹദ് ഫാസിലിന്റെ ആരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തി ഭാര്യയും നടിയുമായ നസ്രിയ. “”ഓള്‍ ഈസ് വെല്‍”” എന്ന ക്യാപ്ഷനോടെയാണ് ഫഹദിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. പരിക്ക് പെട്ടെന്ന് ഭേദമാവട്ടെ എന്നാണ് ആരാധകരുടെ കമന്റുകള്‍.

ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, അന്ന ബെന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ഫഹദിനും നസ്രിയക്കും മറുപടിയുമായി എത്തിയിട്ടുണ്ട്. മാര്‍ച്ച് 3ന് ആയിരുന്നു “മലയന്‍കുഞ്ഞ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വീടിനു മുകളില്‍ നിന്ന് വീണ് താരത്തിന് പരിക്കേറ്റത്. കൊച്ചിയില്‍ ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ്.

വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഇതേ തുടര്‍ന്ന് മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു ഭേദമാക്കുകയുണ്ടായി.

Read more

ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് സര്‍വൈവല്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്.