എമ്പുരാനെയും വീഴ്ത്തി; ഇനി ആ റെക്കോർഡ് 'ലോക'ക്ക് സ്വന്തം, ഹിറ്റടിച്ച് മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയിൻ

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽകർ സൽമാൻ നിർമിക്കുന്ന 7മത്തെ ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന എമ്പുരാനെ മറികടന്ന് ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ബോക്സോഫീസിൽ നിന്ന് ഏറ്റവും കൂടുതൽ പണംവാരിയ മലയാള സിനിമയായി ലോക മാറി. എമ്പുരാൻ നേടിയ 265.5 കോടി എന്ന ആഗോള കലക്ഷൻ ലോക മറികടന്നു.

റിലീസ് ചെയ്‌ത്‌ 24-ാം ദിനമായ ശനിയാഴ്‌ച രാവിലെയോടെയാണ് എമ്പുരാന്റെ റെക്കോർഡ് കളക്ഷൻ ലോക മറികടന്നത്. ഇതോടെ ഓൾ ടൈം ഹൈയെസ്റ്റ് വേൾഡ് വൈഡ് ഗ്രോസറായിക്കൊണ്ട് ലോക ഇൻഡസ്ട്രി ഹിറ്റ് സൃഷ്‌ടിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു ഭാഷയിലെ ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡ് ഇതോടെ ഒരു നായികയുടെ പേരിലായി. മോഹൻലാൽ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോർഡുകളാണ് ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൻ്റെ ഹൃദയപൂർവ്വം, ഫഹദ് ഫാസിൽ-കല്യാണി പ്രിയദർശൻ ടീമിൻ്റെ ഓടും കുതിര ചാടും കുതിര എന്ന സിനിമകൾക്കൊപ്പമാണ് ഓണത്തിന് ലോക തിയേറ്ററുകളിലെത്തിയത്. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബിൽ ഇടം നേടിയ ലോക രണ്ട് ആഴ്‌ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയത്.

തെന്നിന്ത്യയിൽ നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന വിജയം എന്ന നിലയിലും ലോകയുടെ നേട്ടം ശ്രദ്ധേയമാണ്. മുപ്പത് കോടിയുടെ ബജറ്റിൽ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകൾക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളിലായാണ് തങ്ങൾ ലോക യൂണിവേഴ്സ് ഒരുക്കുന്നതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ നേരത്തെ അറിയിച്ചിരുന്നു.

പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും ലോക വമ്പൻ കുതിപ്പ് തുടരുകയാണ്. അതേസമയം തെന്നിന്ത്യയിൽ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ലോകയുടേത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ‘മൂത്തോൻ’ എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

Read more