സഖാവേ.. ലീവ് ലൈക്ക് എ കോമ്രേഡ്; ആവേശമുണര്‍ത്തി ദുല്‍ഖറിന്റെ ഗാനം

വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിലെ മലയാള ഭാഗമാണ് ദുല്‍ഖര്‍ ആലപിക്കുന്നത്. “സഖാവേ…ലീവ് ലൈക്ക് എ കോമ്രേഡ് ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ മലയാളം പതിപ്പിനു വേണ്ടി ദുല്‍ഖര്‍ പാടിയപ്പോള്‍ തമിഴ് പതിപ്പിനു വേണ്ടിയാണ് വിജയ് സേതുപതിയുടെ പാട്ട്.

തെലുങ്ക് പതിപ്പിനു വേണ്ടി പാടിയിരിക്കുന്നത് വിജയ് ദേവേരകൊണ്ട തന്നെയാണ്. ജസ്റ്റിന്‍ പ്രഭാകരനാണ് കോമ്രേഡ് ആന്തത്തിനു സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മേക്കേഴ്‌സ് നിര്‍മ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.