മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.
എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂർ സ്വദേശി പ്രസാദിന്റെ അറസ്റ്റിൽ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് തിരിഞ്ഞത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. കേസിൽ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ നിരക്കിൽ ശ്രീകാന്തിന് നൽകിയതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇത്തരത്തിൽ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിൾ പേ വഴി നൽകി നടൻ തന്റെ കൈയിൽ നിന്ന് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.