റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും തന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് സിനിമയിൽ മമ്മൂട്ടി ചെയ്തിരുന്നത് എന്നും അതുകൊണ്ട് അദ്ദേഹത്തെയും ആരും ലവർ ബോയ് എന്ന് വിളിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പേളി മാണി ഷോയിൽ മലയാളത്തിലെ റൊമാന്റിക് നായകന്മാരെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു.
‘എന്നെ ഒരിക്കലും ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കും ഒരു റൊമാന്റിക് ഹീറോ ഇമേജ് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത്. ലവർ ബോയ് എന്ന് മമ്മൂക്കയെ ആരും വിളിച്ചിട്ടില്ല. പക്ഷെ പിൻനിലാവ് എന്ന സിനിമയിലൊക്കെ തലകുത്തി മറിഞ്ഞ്, പെണ്ണിനെ ഇംപ്രസ് ചെയ്യാൻ വേണ്ടിയുള്ള വിദ്യകൾ കാണിക്കുന്ന കഥാപാത്രങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ റൊമാൻസിന് ആരാധകർ ഏറെയാണ്. പിന്നെ ചാക്കോച്ചനും അങ്ങനെ ഒരു ഇമേജ് ഉണ്ട്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
അതേസമയം, പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജെ.എസ്.കെയാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റിലീസ് അനുമതി സെൻസർ ബോർഡ് നിഷേധിച്ചിരുന്നു.