എന്റെ അവകാശങ്ങള്‍ നിഷ്‌കരുണം ലംഘിച്ചു; ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്ക് എതിരെ കേസെടുത്തു

ബോളിവുഡ് സംവിധായകന്റെ പരാതിയില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ പൊലീസ് കേസ് . സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് കേസ് എടുത്തിരിക്കുന്നത്. പകര്‍പ്പവകാശ ലംഘനത്തിനാണ് കേസ്. സുന്ദര്‍ പിച്ചൈയെ കൂടാതെ മറ്റ് അഞ്ചുപേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ‘ഏക് ഹസീന തി ഏക് ദീവാന താ’ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീല്‍ ദര്‍ശന്‍ പരാതി നല്‍കിയിരിക്കുന്നത്.

2017 ല്‍ പുറത്തിറങ്ങിയ സിനിമ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. ഇക്കാര്യമറിയിച്ച് ഗൂഗിളിന് ഇ-മെയില്‍ അയച്ചിരുന്നെന്നും എന്നാല്‍ അവരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീല്‍ പറയുന്നു. സുനീലിന്റെ വാക്കുകള്‍ ഇങ്ങനെ,’അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമേ ഒള്ളു. പക്ഷേ എന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ ശ്രദ്ധയില്‍പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.’

താന്‍ പരാതിയിലൂടെ പ്രശസ്തി നേടിയെടുക്കാനല്ല ശ്രമിക്കുന്നതെന്നും ശരിയായ വസ്തുത നിയമവ്യവസ്ഥയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും സുനീല്‍ പറയുന്നു. ഒരു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലും പകര്‍പ്പവകാശ ഉടമയെന്ന നിലയിലും തനിക്ക് ചില അവകാശങ്ങളുണ്ട്, അവ നിഷ്‌കരുണം ലംഘിക്കുമ്പോള്‍, എന്തുചെയ്യണം? താന്‍ നിസ്സഹായനായ ഒരു വ്യക്തിയാണ് സുനീല്‍ ദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.