രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല; ധ്യാനിന്റെ 'ജയിലര്‍' മാറ്റിവച്ചു, പുതിയ റിലീസ് തിയതി പുറത്ത്

രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തിന്റെ റിലീസിനിടെ ധ്യാന്‍ ശ്രീനിവാന്റെ ‘ജയിലര്‍’ റിലീസ് മാറ്റി. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞ് മലയാള ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു.

ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് സക്രീര്‍ മഠത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞത്. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 18ലേക്ക് ആണ് മാറ്റിവച്ചിരിക്കുന്നത്.

സക്കീര്‍ മഠത്തില്‍ ചിത്രത്തിന് തിയറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. നിലവില്‍ 40 തിയേറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും അതും നഷ്ടപ്പെടുമോ എന്ന ഭയമുണ്ടെന്നും സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു.

തിയേറ്റര്‍ ലഭിക്കാത്തതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത് എന്നാണ് വിവരം. അതേസമയം, നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയിലര്‍ നാളെ റിലീസ് ആവുകയാണ്. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിലുണ്ട്.