ബോക്‌സ് ഓഫീസില്‍ ചാമ്പ്യന്‍ 'ദാവീദ്', പിന്നാലെ 'ബ്രൊമാന്‍സ്', മൂന്നാമതായി 'പൈങ്കിളി'; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

സിനിമാ സംഘടനകളുടെ തര്‍ക്കത്തിനിടയില്‍ സിനിമകളുടെ കളക്ഷനില്‍ ഇടിവ്. ഇന്നലെ പുറത്തിറങ്ങിയ ‘പൈങ്കിളി’, ‘ബ്രൊമാന്‍സ്’, ‘ദാവീദ്’ എന്ന സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷനാണ് ചിത്രങ്ങള്‍ നേടിയിരിക്കുന്നത്. എന്നാല്‍ ഒരു കോടി കളക്ഷന്‍ നേടാന്‍ സിനിമകള്‍ക്ക് സാധിച്ചിട്ടില്ല. സാക്‌നില്‍ക്.കോം ആണ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആന്റണി വര്‍ഗീസ് നായകനായ ദാവീദ് 90 ലക്ഷം രൂപയാണ് ഓപ്പണിങ് ദിനത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഇന്നലെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ പടമായാണ് എത്തിയത്. ലോകപ്രശസ്തനായ ഒരു ബോക്‌സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ദാവീദ് പറയുന്നത്.

കളക്ഷന്‍ കണക്കുകളില്‍ രണ്ടാം സ്ഥാനത്ത് മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവര്‍ ഒന്നിച്ച ബ്രൊമാന്‍സ് എന്ന ചിത്രമാണ്. ആദ്യ ദിനം 70 ലക്ഷം രൂപയാണ് ബ്രൊമാന്‍സ് നേടിയത്. അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അനശ്വര രാജനും സജിന്‍ ഗോപുവും ഒന്നിച്ച പൈങ്കിളി ചിത്രത്തിന് 60 ലക്ഷം രൂപയാണ് ആദ്യ ദിനം തിയേറ്ററില്‍ നിന്നും നേടാനായത്. ജിത്തു മാധവന്റെ രചനയില്‍ ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്തത്. ജിസ്മ വിമല്‍, റോഷന്‍ ഷാനവാസ്, അബു സലിം, റിയാസ് ഖാന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ചന്ദു സലിം കുമാര്‍ തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാണ്.

Read more