'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' മോഷണം, സംസ്ഥാന അവാര്‍ഡുകളും ഐഎഫ്എഫ്‌കെ ഗ്രാന്‍ഡും പിന്‍വലിക്കണം; സിനിമയ്‌ക്കെതിരെ പരാതി

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ മോഷണമാണെന്ന് ആരോപണം. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ സംഘടനയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ സിനിമയ്ക്ക് നല്‍കിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഫിപ്രസി പുരസ്‌കാരവും ഐഎഫ്എഫ്‌കെ ഗ്രാന്‍ഡും പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ‘റോബോട്ട് ആന്‍ഡ് ഫ്രാങ്ക്’ എന്ന ചിത്രത്തിന്റെ കോപ്പിയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.

ഈ അമേരിക്കന്‍ ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി പകര്‍ത്തിയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരു സിനിമകളുടെയും ഓരോ സീനിലും സാദൃശ്യം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ ഇത്തരമൊരു ആവശ്യവുമായി സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതി നല്‍കിയത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് നല്‍കിയ സംസ്ഥാന അവാര്‍ഡുകളും ഫിപ്രസി പുരസ്‌കാരവും ഐഎഫ്എഫ്‌കെ ഗ്രാന്‍ഡും പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.