എഐ ഉപയോഗിച്ച് അശ്ലീല വീഡിയോ, സല്‍പ്പേരിന് ഭീഷണി; പരാതി നല്‍കി ചിരഞ്ജീവി

എഐ ഉപയോഗിച്ച് തന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചെന്ന ആരോപണവുമായി ചിരഞ്ജീവി. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ താരം ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. ചില വെബ്‌സൈറ്റുകള്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.

തന്റെ വ്യക്തിത്വം അനധികൃതമായി ചൂഷണം ചെയ്യുന്നതിനെതിരെ സിറ്റി സിവില്‍ കോടതിയില്‍ നിന്ന് അടുത്തിടെ നേടിയ താല്‍ക്കാലിക വിലക്കിന് പിന്നാലെയാണ് ചിരഞ്ജീവി പുതിയ പരാതിയുമായി എത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള തന്റെ സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ വെബ്‌സൈറ്റുകള്‍ ലംഘിക്കുന്നുവെന്ന് ചിരഞ്ജീവി വ്യക്തമാക്കി.

ഈ വ്യാജ വീഡിയോകള്‍ തനിക്ക് അപകീര്‍ത്തി ഉണ്ടാക്കിയതായും, പൊതുസമൂഹത്തില്‍ പതിറ്റാണ്ടുകളായി താന്‍ നേടിയെടുത്ത സല്‍പ്പേരിന് ഭീഷണിയാണെന്നും താരം പറഞ്ഞു. പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ മനഃപൂര്‍വം വളച്ചൊടിക്കാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചതായും ചിരഞ്ജീവി പറഞ്ഞു.

Read more

വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ അടിയന്തരമായി ക്രിമിനല്‍, സാങ്കേതിക അന്വേഷണം വേണമെന്ന് താരം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വീഡിയോകള്‍ അടിയന്തരമായി ബ്ലോക്ക് ചെയ്യാനും നീക്കം ചെയ്യാനും ചിരഞ്ജീവി ആവശ്യപ്പെട്ടിട്ടുണ്ട്.