ബ്രോ ഡാഡിക്ക് പാക്കപ്പ് പറഞ്ഞ് പൃഥ്വി; ദാദക്ക് തിരികെ വീട്ടിലെത്താന്‍ സമയമായെന്ന് സുപ്രിയ..!

മോഹന്‍ലാല്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ബ്രോഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയായി. കേരളത്തില്‍ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹന്‍ലാല്‍, മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ സ്റ്റില്‍സും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ മല്ലിക സുകുമാരനും മോഹന്‍ലാലിനുമൊപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്ക് വെച്ചപ്പോള്‍ ആ ചിത്രം ഏറെ വൈറലായിരുന്നു.

 

ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ് പങ്ക് വെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്യാമറക്ക് മുന്‍പില്‍ ഇത്ര രസകരമായി ലാലേട്ടനെ കാണുന്നത് തന്നെ വളരെ സന്തോഷം പകരുന്നതായിരുന്നുവെന്ന് കുറിച്ച പൃഥ്വിരാജ് ലാലേട്ടന് നന്ദിയും പറയുന്നു.

അതോടൊപ്പം തന്നെ തന്നെ ഇത്രയേറെ വിശ്വസിച്ച ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജ് നന്ദി പറഞ്ഞു. എന്നാല്‍ പോസ്റ്റിന് കമന്റായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇട്ട കമന്റാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ദാദക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായി എന്നാണ് സുപ്രിയ കമന്റ് ചെയ്തത്.