ബറോസിന് സംഗീതം ഒരുക്കാന്‍ 'ഇന്ത്യയുടെ നിധി' ലിഡിയന്‍ നാദസ്വരം

മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന ഓരോ വാര്‍ത്തയും ആകാംക്ഷാജനകമാണ്. ഇപ്പോഴിതാ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ലിഡിയന്‍ നാദസ്വരമെന്ന കുട്ടി പ്രതിഭയാണെന്നാണ് റിപ്പോര്‍ട്ട്.

വെറും പതിമൂന്ന് വയസ് മാത്രമുള്ള ഈ കുട്ടിയെ ഏ ആര്‍ റഹമാന്‍ ഇന്ത്യയുടെ നിധിയെന്നാണ് വിശേഷിപ്പിച്ചത്. തമിഴ് സംഗീത സംവിധായകന്‍ ആയ വര്‍ഷന്‍ സതീഷിന്റെ മകനായ ലിഡിയന്‍ ഒരേ സമയം രണ്ടു പിയാനോയില്‍ വ്യത്യസ്ത നോട്ടുകള്‍ വായിച്ചും കണ്ണ് കെട്ടി പിയാനോ വായിച്ചും കാണികളെ ഞെട്ടിച്ചിട്ടുണ്ട്. ലോക സംഗീതജ്ഞരുടെ പ്രിയങ്കരനായ ലിഡിയനെന്ന പ്രതിഭയെ കുറിച്ച് കേട്ടറിഞ്ഞ മോഹന്‍ലാല്‍ തന്റെ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ ലിഡിയനെ ക്ഷണിക്കുകയായിരുന്നു.

മോഹന്‍ലാലും ഒരു കുട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും എന്നാണ് വിവരം. ബറോസ് തുടങ്ങിയാല്‍ അതിന്റെ റിലീസ് വരെ മോഹന്‍ലാല്‍ മറ്റു ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കില്ല എന്നാണ് സൂചന.

Read more

നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണു ചിത്രത്തില്‍ ബറോസിന്റെ വേഷത്തിലുമെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവ്. വിദേശതാരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.