പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പകരം സൗബിനും ഷൈനും; 'അയല്‍വാശി' പൂജ കഴിഞ്ഞു

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഇര്‍ഷാദ് പരാരി ഒരുക്കുന്ന ‘അയല്‍വാശി’ ചിത്രത്തിന്റെ പൂജ നടന്നു. ഇന്ന് രാവിലെ 8 മണിക്ക് അഞ്ചുമന ക്ഷേത്രത്തില്‍ വച്ചാണ് പൂജാ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 14ന് ആരംഭിക്കും. ‘തല്ലുമാല’യുടെ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ ആണ് അയല്‍വാശി നിര്‍മ്മിക്കുന്നത്.

തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരി നിര്‍മ്മാണ പങ്കാളിയാണ്. നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, നസ്ലിന്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകന്‍മാരാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് അയല്‍വാശി. ഈ വേഷത്തിലേക്കാണ് സൗബിനും ഷൈന്‍ ടോം ചാക്കോയും എത്തുന്നത്. പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറില്‍ ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍-ബാദുഷ. മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. മാര്‍ക്കറ്റിംഗ്-ഒബ്‌സ്‌ക്യുറ. ഡിസൈന്‍-യെല്ലോ ടൂത്ത്.

Read more