ആസിഫും ഫഹദും ഒന്നിക്കുന്നു, ബേസില്‍ സംവിധായകന്‍?

ബേസില്‍ ജോസഫിന്റെ പുതിയ ചിത്രത്തില്‍ ആസിഫ് അലിയും ഫഹദ് ഫാസിലും പ്രധാനവേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മിന്നല്‍ മുരളിക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്ന കാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിനു മുന്‍പ് തന്നെ മറ്റൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബേസില്‍ എന്നാണ് റിപ്പോര്‍ട്ടിലുള്ളത് . സൂപ്പര്‍ ഹിറ്റ് രചയിതാവ് ശ്യാം പുഷ്‌ക്കരന്‍ രചിക്കുന്ന പുതിയ ചിത്രമാണിതെന്നും സൂചനയുണ്ട്.

ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് ആയിരിക്കും ഈ ചിത്രം നിര്‍മ്മിക്കുകയെന്നും അടുത്ത വര്‍ഷം പകുതിയോടെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്.

ഔദ്യോഗിമായി ഇതുവരെ ഈ ചിത്രം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച പാല്‍ത്തു ജാന്‍വര്‍ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകനായി അഭിനയിച്ചത്.

ഈ ഓണത്തിന് റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. നേരത്തെ ശ്യാം പുഷ്‌ക്കരന്‍- ദിലീഷ് പോത്തന്‍ ടീമില്‍ ഒരുങ്ങിയ ജോജി എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലും ബേസില്‍ ജോസഫ് അഭിനയിച്ചിരുന്നു.