ചലച്ചിത്ര ലോകത്ത് ചരിത്രമാകാന്‍ ആപ്പിള്‍ ട്രീ സിനിമാസ്

എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ട്രീ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കമ്പനി ലോഞ്ചിങും കൊച്ചിയില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എന്‍.എം ബാദുഷ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ജയചന്ദ്രന്‍ ആണ് നിര്‍മ്മാണ കമ്പനിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. സംവിധായകന്‍ സജിന്‍ ലാല്‍ കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഗ്യാങ്‌സ് ഓഫ് ഫൂലാന്‍’ എന്ന ചിത്രമാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. മുന്‍പ് സജിന്‍ ലാലിന്റെ സംവിധാനത്തിലുള്ള മലയാള ഭാഷ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ചരിത്രം പറയുന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു.

ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ആദ്യമായി സംഗീത സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രവും കൂടിയാണിത്. ദുബായിലെ പത്തോളം വരുന്ന പ്രവാസി വ്യവസായികളുടെ കൂട്ടായ്മയാണ് ‘ആപ്പിള്‍ട്രീ സിനിമാസ്’ എന്ന നിര്‍മാണ കമ്പനിക്ക് പിന്നില്‍.

Read more

കൊച്ചി വൈ.എം.സി.എ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം അന്ന രേഷ്മ രാജന്‍, ഹിമ ശങ്കര്‍, സംവിധായകന്‍ ഫാസില്‍ കാട്ടുങ്കല്‍, ജയകൃഷ്ണന്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ബി.വി അരുണ്‍കുമാര്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികളും ചലച്ചിത്ര പ്രവര്‍ത്തകരും സാങ്കേതിക പ്രവര്‍ത്തരും പങ്കെടുത്തു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.