എന്തുകൊണ്ടാണ് രഹസ്യമായി ട്രാന്‍സിന്റെ ഷൂട്ടിംഗ് നടത്തിയത്; അന്‍വര്‍ റഷീദിന്റെ ഉത്തരം ഇങ്ങനെ

ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രം ട്രാന്‍സ് തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫഹദും നസ്രിയയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് അതീവ രഹസ്യമായി നടത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അന്‍വര്‍ റഷീദ്.

അത് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടാണെന്നാണ് അന്‍വര്‍ പറയുന്നത്. അധികം കാര്യങ്ങള്‍ സബ്ജക്ടിനെക്കുറിച്ച് പുറത്തുവന്നാല്‍ നന്നാവില്ലെന്ന് തോന്നി. എല്ലാം വെളിപ്പെടുത്തിയിട്ട് ഒരു സിനിമ കാണുന്നതിലും നല്ലത്. ഫ്രഷായിട്ട് കാണുന്നതല്ലേ. ട്രാന്‍സിനെക്കുറിച്ച് അധികം പറയേണ്ടെന്നാണ് പലരും ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. അദ്ദേഹം വ്യക്തമാക്കി.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഈ മാസം 14 ന് ചിത്രം തിയേറ്ററുകളിലെത്തും.