'സിനിമ പോലെ ഇതും പാതി വെന്തത്'; ഗോൾഡിന്റെ ടീസർ പുറത്തുവിട്ട് അൽഫോൺസ് പുത്രൻ

നേരം, പ്രേമം എന്നീ രണ്ട് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് അൽഫോൺസ് പുത്രൻ. ആദ്യത്തെ രണ്ട് സിനിമകൾ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയെങ്കിലും മൂന്നാമത്തെ ചിത്രം ‘ഗോൾഡ്’ തിയേറ്ററുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു ടീസർ പുറത്തുവിട്ടിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ലോഗോ ഡിസൈനും കളർ കറക്‌ഷനും സൗണ്ട് ഡിസൈനും ബിജിഎം ചേർക്കുന്നതിനും മുമ്പുള്ള പാതിവെന്ത ടീസറാണ് ഇതെന്ന് അൽഫോൺസ് പറയുന്നു.

2022 ഡിസംബർ 22 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ്, നയൻതാര, സൈജു കുറുപ്പ്, ഷമ്മി തിലകൻ, വിനയ് ഫോർട്ട്, ലാലു അലക്സ് തുടങ്ങീ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്.

പ്രേക്ഷകർ കണ്ട ഗോൾഡ് തന്റെ ഗോൾഡ് അല്ല എന്ന് മുൻപ് അൽഫോൺസ് പറഞ്ഞിട്ടുണ്ട്.പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡല്ല. കൊവിഡിന്റെ സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.

“അതുപോലെ പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥയും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും മാത്രമേ എനിക്ക് ചെയ്യാൻ സാധിച്ചുള്ളൂ. അതുകൊണ്ട് ഗോൾഡ് മറന്നേക്കൂ” എന്നാണ് മുൻപൊരിക്കൽ അൽഫോൺസ് പുത്രൻ ഗോൾഡിനെ കുറിച്ച് പറഞ്ഞത്. “