അഖില്‍ അക്കിനേനിയുടെ ഏജന്റില്‍ മമ്മൂട്ടി പ്രധാന വേഷത്തില്‍, വില്ലനായ പട്ടാളക്കാരന്‍?

നാഗചൈതന്യയുടെ സഹോദരനും നാഗാര്‍ജ്ജുനയുടെ മകനുമായ നടന്‍ അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടിയും. ഇരുവരും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. മറ്റന്നാള്‍ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി.