വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചട്ടുകമാക്കുന്നു, കലാലയങ്ങളില്‍ പത്തു വര്‍ഷത്തേയ്ക്ക് യൂണിയന്‍ പ്രവര്‍ത്തനം വേണ്ടെന്നു വെയ്ക്കണം: അടൂര്‍ ഗോപാലകൃഷ്ണന്‍

വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചട്ടുകമാക്കുകയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കലാലയങ്ങളില്‍ അടുത്ത പത്തു വര്‍ഷത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനം വേണ്ടെന്നു വെയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതി സംഘടിപ്പിച്ച “കലാലയം മുറിവ് വേണ്ട അറിവു മതി” എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പരമാവധി ദുഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചട്ടുകമാക്കുകയാണ്. ഇനി വൃത്തിയാക്കിയെടുക്കാന്‍ കഴിയില്ല. വേണ്ട എന്ന് വെയ്ക്കല്‍ മാത്രമാണ് വഴി. കലാലയങ്ങളില്‍ രാഷ്ട്രീയത്തിന് അടുത്ത പത്തു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ് വേണ്ടത്.” അടൂര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ചാവേറുകളെ സൃഷ്ടിക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ക്യാമ്പസുകളിലുള്ളത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.