അവള്‍ക്കൊട്ടും വയ്യ, ട്യൂമര്‍ വീണ്ടും വളരുന്നു, ഈയാഴ്ച തന്നെ സര്‍ജറി വേണം: ശരണ്യയുടെ അമ്മ

അര്‍ബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന താരമാണ് ശരണ്യ. എന്നാല്‍ താരത്തെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശരണ്യയുടെ സിറ്റി ലൈറ്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ അമ്മയാണ് വീണ്ടും ട്യൂമര്‍ വളരുന്ന കാര്യം വെളിപ്പെടുത്തിയത്.

ശരണ്യയുടെ അമ്മയുടെ വാക്കുകള്‍:

മോള് കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന്‍ എന്റെ കൂടെയുണ്ട്. മോള് കിടക്കുകയാണ്, അവള്‍ക്ക് വീണ്ടും വയ്യാണ്ടായി. ആരോഗ്യത്തിന് നല്ല പ്രശ്‌നമുണ്ട്. രണ്ടു ദിവസം മുമ്പ് വരെ വലിയ കുഴപ്പമില്ലായിരുന്നു. ഈയാഴ്ച തന്നെ സര്‍ജറി വേണം. ഇന്നലെ രാവിലെ തൊട്ട് വൈകുന്നേരം വരെ ഹോസ്പിറ്റലില്‍ ആയിരുന്നു. ഡോസ് കൂട്ടിയ ഇന്‍ജക്ഷന്‍ കൊടുത്ത് തത്കാലം ഞങ്ങളെ വീട്ടിലേക്ക് വിട്ടു. നാളെ രാവിലെ പോയി ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റാവണം. സര്‍ജറിക്കു മുമ്പ് ഞങ്ങളുടെ രണ്ടുപേരുടെയും കോവിഡ് ടെസ്റ്റ് നടത്തി.

അതിന്റെ ഫലം നാളെ അറിയാം. ഈ ആഴ്ച തന്നെ സര്‍ജറി ഉണ്ടാകും. നവംബര്‍ 28ന് നടത്തിയ സ്‌കാനിംഗില്‍ ട്യൂമര്‍ വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. കുറച്ച് കൂടി വെയ്റ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നുപോകുന്ന അസുഖമാണ്. അടുത്തത് വളരാനുള്ള സമയം കുറച്ച് കൂടി നീട്ടിക്കിട്ടും എന്ന ആശ്വാസത്തിലാണ് സര്‍ജറി താമസിപ്പിച്ചത്. അവള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ പരമാവധി നീട്ടിക്കൊണ്ടു പോകാം എന്നായിരുന്നു അവരെല്ലാം പറഞ്ഞത്. ജനുവരി 28നുള്ള സ്‌കാനിംഗില്‍ അത് കുറച്ചു കൂടി വളര്‍ന്നു.

അന്ന് തന്നെ മാര്‍ച്ചില്‍ സര്‍ജറി ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഇതിനിടയില്‍ ബുദ്ധിമുട്ട് വന്നാല്‍ പെട്ടെന്നു തന്നെ സര്‍ജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയില്‍ അവള്‍ ഒരേ കിടപ്പായിരുന്നു. പക്ഷേ ഡിസ്ചാര്‍ജായി വന്നപ്പോള്‍ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂര്‍ണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ വീണ്ടും വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായി. ഒട്ടും പ്രതീക്ഷിക്കാതെയാണ് അസുഖം വീണ്ടും വന്നിരിക്കുന്നത്.

ആരെയും അറിയിക്കാതെ സര്‍ജറി ചെയ്തു പോയി വരാം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലുടെ മകളെ അന്വേഷിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. എല്ലാവരും അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. അവള്‍ക്കൊട്ടും വയ്യ, മരുന്നിന്റെ ക്ഷീണമുണ്ട്. ഇപ്പോള്‍ കിടന്ന് ഉറങ്ങുകയാണ്. ഈ രണ്ടര മാസം ചിരിച്ചും കളിച്ചും സന്തോഷിച്ചും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അറിയുന്നതിനേക്കാള്‍ അറിയാത്തവരാണ് ഞങ്ങളെ കൂടുതല്‍ സഹായിച്ചത്.