അന്ന് മരിക്കുമെന്ന് തോന്നി, ഇനി വൈകാതെ അഭിനയത്തിലേക്ക് തിരിച്ചു വരണം; നടി ശരണ്യ പറയുന്നു

ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച് സിനിമ- സീരിയല്‍ നടി ശരണ്യ. താരത്തിന് സ്‌നേഹക്കൂട്ടായ്മയിലൂടെ തിരുവനന്തപുരം ചെമ്പഴന്തിയില്‍ പുതിയ വീട് ഒരുങ്ങിയിരിക്കുകയാണ്. ശീനാരായണ ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയിലാണ് ശരണ്യയുടെ പുതിയ വീട്. രോഗത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ മരിക്കുമെന്ന് തോന്നിയിരുന്നതായാണ് ശരണ്യ പറയുന്നത്.

ചികിത്സയുടെ ഭാഗമായി ഏഴ് ശസ്ത്രക്രിയകളാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ശരണ്യയ്ക്ക് നടന്നത്. ശസ്ത്രക്രിയകളെ തുടര്‍ന്ന് ഒരു ഭാഗം തളര്‍ന്ന നിലയിലായിരുന്നു ശരണ്യ. അന്ന് കടല്‍ കാണാനും പായസം കുടിക്കാനും ആഗ്രഹിച്ചിരുന്നു. ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് വരികയായിരുന്നു എന്നാണ് ശരണ്യ മനോരമയോട് പറയുന്നത്.

വൈകാതെ അഭിനയരംഗത്തേക്ക് മടങ്ങി എത്തണം എന്നാണ് ആഗ്രഹം എന്നും ശരണ്യ പറയുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. നടി സീമ ജി. നായര്‍ ആണ് ശരണ്യയ്ക്കൊപ്പം വേദനക്കാലത്ത് ഉണ്ടായിരുന്നത്.

സിനിമ, സീരിയല്‍, സാമൂഹിക രംഗത്തുള്ള പലരും ചികിത്സയ്ക്ക് സഹായിച്ചിട്ടുണ്ടെന്ന് ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമകളില്‍ വേഷമിട്ടു.