'കുഴിയില്‍ വീണ് പല്ലു ഇളകിയാല്‍ സമീപിക്കുക..'; ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളില്‍ മാത്രം!

റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ല എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ച പരിപാടിയില്‍ ജയസൂര്യ പറഞ്ഞത്.

റോഡുകള്‍ മാത്രമല്ല, നടപ്പാതകളുടെ അവസ്ഥയും പലയിടത്തും അതീവ ശോചനീയമായ നിലയിലാണ്. മരാമത്ത് പണിയിലെ ക്രമക്കേടുകള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി അടുത്തിടെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, നടി ശരണ്യ മോഹന്റെ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറലാകുന്നത്. ഒരു മാസം മുമ്പ് നവീകരിച്ച കോവളം ലൈറ്റ് ഹൗസിലെ നടപ്പാതയിലെ ടൈല്‍ ഇളകി കുഴിയായ സംഭവത്തെ കുറിച്ചാണ് അരവിന്ദിന്റെ കുറിപ്പ്.

”ഇതില്‍ വീണു പല്ലു ഇളകിയാല്‍ സമീപിക്കുക!,” എന്നാണ് കോവളത്ത് ഡെന്റല്‍ കെയര്‍ ക്ലിനിക് നടത്തുന്ന അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളില്‍ മാത്രം എന്നാണ് ചില കമന്റുകള്‍.